News Updates

***... Welcome to all to the new academic year.......

Tuesday, 26 May 2020

പരീക്ഷ : സ്കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി


ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൌകര്യമില്ലാത്ത സ്കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവര്‍ കാത്തുനില്‍ക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും. പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

പരീക്ഷ കഴിയുമ്പോള്‍ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുതെന്ന് സ്കൂള്‍ അധികൃതരോട് അഭ്യര്‍ഥിക്കും.  സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പുറത്തേയ്ക്ക് വിടേണ്ടതെന്നും സംസ്ഥാന പോലീസ് മേധാനി അറിയിച്ചു.